തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണയ്ക്കാത്തതിന് പിന്നിൽ സിപിഎം-ബിജെപി ധാരണയെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. കെ.എസ്. ശബരീനാഥൻ. ബിജെപിയുടെ ഭരണപരാജയം തുറന്നുകാട്ടാൻ സിപിഎമ്മിന് താല്പര്യമില്ലെന്നും അവർക്ക് 'ഗുണ്ടായിസം' കാണിക്കാൻ മാത്രമാണ് താല്പര്യമെന്നും ശബരീനാഥൻ ആഞ്ഞടിച്ചു.
എന്നാൽ, അവിശ്വാസ പ്രമേയ നീക്കത്തെക്കുറിച്ച് സിപിഎമ്മിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങളെ പിന്തുണയ്ക്കാനാവില്ലെന്നുമാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് വ്യക്തമാക്കിയത്. ബിജെപി ഭരണം ആറ് മാസം പൂർത്തിയാകുമ്പോൾ കടുത്ത ഭരണസ്തംഭനവും കെടുകാര്യസ്ഥതയുമാണ് കോർപ്പറേഷനിലെന്നും ഇതിനെതിരെ തിങ്കളാഴ്ച രാവിലെ നഗരസഭാ കവാടത്തിന് മുന്നിൽ യുഡിഎഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശബരീനാഥൻ അറിയിച്ചു.
മാലിന്യപ്രശ്നം, തെരുവുനായ ശല്യം, കുടിവെള്ള പ്രതിസന്ധി എന്നിവ പരിഹരിക്കുന്നതിൽ ബിജെപി ഭരണസമിതി പൂർണ പരാജയമാണ്. കേന്ദ്ര സർക്കാരും ഇപ്പോൾ നഗരസഭയുടെ വീഴ്ചകളിൽ മൗനത്തിലാണ്. തിങ്കളാഴ്ചത്തെ കവാട സമരത്തിന് ശേഷം അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട തുടർനടപടികൾക്ക് അന്തിമരൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ഗുണകരമല്ലെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.